This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ കോണ്‍ഫറന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ കോണ്‍ഫറന്‍സ്

ജമ്മുകാശ്മീരിലെ ഒരു രാഷ്ട്രീയ സംഘടന. ഷെയ്ക് അബ്ദുള്ള സ്ഥാപിച്ച ഈ സംഘടനയുടെ ചരിത്രം 20-ാം നൂറ്റാണ്ടിലെ കാശ്മീര്‍ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. കാശ്മീരിലെ ഹിന്ദു-ദോഗ്ര ഭരണാധികാരികളുടെ കീഴില്‍ അവശതകളും അസമത്വങ്ങളും അനുഭവിച്ചുപോന്ന മുസ്ലിം ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഷെയ്ക് അബ്ദുള്ളയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട സംഘടനയാണ് ആള്‍ ജമ്മു ആന്‍ഡ് കാശ്മീര്‍ മുസ്ലിം കോണ്‍ഫറന്‍സ്. 1938-ല്‍ ഷെയ്ക് അബ്ദുള്ള ആള്‍ ജമ്മു ആന്‍ഡ് കാശ്മീര്‍ മുസ്ലിം കോണ്‍ഫറന്‍സിനെ ഒരു മതേതര സംഘടനയാക്കുകയും നാഷണല്‍ കോണ്‍ഫറന്‍സ് എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. മുസ്ലിം കോണ്‍ഫറന്‍സിനെ നാഷണല്‍ കോണ്‍ഫറന്‍സ് എന്ന മതേതര സോഷ്യലിസ്റ്റ് പ്രസ്ഥാനമാക്കി മാറ്റിയത്, സംഘടനയ്ക്ക് ഏറെ ജനപിന്തുണ നേടാന്‍ സഹായകമായി. ദോഗ്ര ഭരണം അവസാനിപ്പിക്കുക എന്നതായിരുന്നു പാര്‍ട്ടിയുടെ ആത്യന്തിക ലക്ഷ്യം. ഇതിലേക്കായി കാശ്മീരിയത്തിന്റെ ചരിത്ര പശ്ചാത്തലവും സാംസ്കാരിക സങ്കല്പവും ദോഗ്ര വാഴ്ചയ്ക്കെതിരെ പ്രചരിപ്പിച്ചിരുന്നു. (എല്ലാ മതങ്ങളെയും സമഭാവനയോടെ കാണുന്ന സങ്കല്പമാണ് കാശ്മീരിയത്ത്) സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയ നാഷണല്‍ കോണ്‍ഫറന്‍സ് പ്രധാനമായും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ഭൂപരിഷ്കരണത്തിനും ഊന്നല്‍ നല്കിക്കൊണ്ടുള്ള നവ കാശ്മീര്‍ മാനിഫെസ്റ്റോ ഇക്കാലയളവില്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി.

Image:National.png

ദേശീയ സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച നാഷണല്‍ കോണ്‍ഫറന്‍സ് ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ ശക്തമായി എതിര്‍ക്കുകയുണ്ടായി. ദോഗ്ര ഭരണത്തിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നയിച്ച ക്വിറ്റ് കാശ്മീര്‍ പ്രക്ഷോഭത്തിന്, കോണ്‍ഗ്രസ്സിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. വിഭജനത്തിനുശേഷം പാക് ഗിരിവര്‍ഗക്കാര്‍ കാശ്മീര്‍ ആക്രമിച്ച പശ്ചാത്തലത്തില്‍ ആക്രമണത്തെ അപലപിച്ച നാഷണല്‍ കോണ്‍ഫറന്‍സ് കാശ്മീര്‍, ഇന്ത്യയില്‍ ലയിക്കണമെന്നു വാദിക്കുകയുണ്ടായി. എന്നാല്‍ 1952-ഓടെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഇന്ത്യാ അനുകൂലനയത്തില്‍ ദിശാമാറ്റം പ്രകടമായി; കാശ്മീരിന് പ്രത്യേക പദവി നല്കിയ ആര്‍ട്ടിക്കിള്‍ 370 (Article 370) റദ്ദാക്കണമെന്ന ആര്‍.എസ്.എസ്., ജനസംഘ് തുടങ്ങിയ ഹൈന്ദവ സംഘടനകളുടെ തീവ്ര നിലപാടാണ് സ്വതന്ത്ര കാശ്മീര്‍ എന്ന അജണ്ട സ്വീകരിക്കുവാന്‍ നാഷണല്‍ കോണ്‍ഫറന്‍സിനെ പ്രേരിപ്പിച്ചത്. ഷെയ്ക് അബ്ദുള്ളയുടെ സ്വതന്ത്ര കാശ്മീര്‍ വാദത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പാക് കരങ്ങളാണ് എന്ന ആക്ഷേപം അന്ന് പരക്കെ ഉന്നയിക്കപ്പെട്ടിരുന്നു. 1971-ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ പാകിസ്താനുണ്ടായ പരാജയത്തിനുശേഷമാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ സ്വതന്ത്ര കാശ്മീര്‍ നിലപാടില്‍ അയവ് വന്നത്.

ജമ്മുകാശ്മീരിലെ ഭരണ നിര്‍മാണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും നേടിക്കൊണ്ട് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പ്രവേശിച്ച നാഷണല്‍ കോണ്‍ഫറന്‍സ് ഇന്നും കാശ്മീര്‍ രാഷ്ട്രീയത്തിലെ പ്രബല കക്ഷികളില്‍ ഒന്നാണ്. ഏറ്റവുമധികകാലം കാശ്മീര്‍ ഭരിച്ച നാഷണല്‍ കോണ്‍ഫറന്‍സും ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസും തമ്മിലുണ്ടായ അകല്‍ച്ചകളും അടുപ്പങ്ങളും കാശ്മീര്‍ ചരിത്രത്തിന്റെ ഭാഗമാണ്. സ്വതന്ത്ര കാശ്മീര്‍വാദം ഉന്നയിച്ചതോടെ കോണ്‍ഗ്രസ്സിന് അനഭിമതനായി മാറിയ ഷെയ്ക്് അബ്ദുള്ള ഇന്ദിരാഗാന്ധിയുമായി ധാരണയിലെത്തുകും തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ അധികാരത്തില്‍ വരുകയും ചെയ്തത് 1975-ലാണ്. എന്നാല്‍ 1977-ല്‍ നാഷണല്‍ കോണ്‍ഫറന്‍സ് മന്ത്രിസഭയ്ക്കുള്ള പിന്തുണ കോണ്‍ഗ്രസ്സ് പിന്‍വലിച്ചത് നാഷണല്‍ കോണ്‍ഫറന്‍സില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പില്‍ 42-ല്‍ 39 സീറ്റുകളും നേടിക്കൊണ്ട് നാഷണല്‍ കോണ്‍ഫറന്‍സ് വീണ്ടും അധികാരത്തില്‍ വന്നു (ജൂണ്‍ 1977).

ഷെയ്ക് അബ്ദുള്ളയുടെ മരണ(1982)ശേഷം നാഷണല്‍ കോണ്‍ഫറന്‍സിനെ നയിച്ചത് അദ്ദേഹത്തിന്റെ പുത്രനായ ഫറൂക്ക് അബ്ദുള്ളയാണ്. 1983-ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് അധികാരത്തില്‍ എത്തിയ നാഷണല്‍ കോണ്‍ഫറന്‍സ് മന്ത്രിസഭയെ 1983-ല്‍ ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം ഗവര്‍ണര്‍ പിരിച്ചുവിട്ട നടപടി ഇരുപാര്‍ട്ടികളും തമ്മിലുള്ള അകലം വര്‍ധിപ്പിച്ചു. കോണ്‍ഗ്രസ്സിനെ സഖ്യകക്ഷിയാക്കാന്‍ ഫറൂക്ക് അബ്ദുള്ള വിസമ്മതിച്ചതും, ഖാലിസ്ഥാന്‍വാദികള്‍ക്ക് ഇദ്ദേഹം പിന്തുണ നല്കുന്നതായുമുള്ള ആരോപണങ്ങളുമാണ് പിരിച്ചുവിടലിനു കാരണമായത്. ഇന്ദിരാഗാന്ധിയുടെ മരണശേഷം കോണ്‍ഗ്രസ്സ് പ്രസിഡന്റായ രാജീവ്ഗാന്ധിയും ഫറൂക്ക് അബ്ദുള്ളയും തമ്മിലുണ്ടായ ധാരണയെത്തുടര്‍ന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ്സ് ഐക്യം പുനഃസ്ഥാപിക്കപ്പെട്ടത്. 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ്സ് സഖ്യം അധികാരത്തില്‍ വന്നു (വന്‍ കൃത്രിമത്വം നടന്നതായി ആരോപിക്കപ്പെട്ട ഈ തെരഞ്ഞെടുപ്പ് കാശ്മീരിലെ ഏറ്റവും അസന്മാര്‍ഗികമായ ഒന്നായാണ് വിശേഷിക്കപ്പെട്ടത്.) ജനഹിതത്തിനു വിരുദ്ധമായി അധികാരത്തിലേറിയ ഈ കൂട്ടുകക്ഷി മന്ത്രിസഭയുടെ കാലത്താണ് കാശ്മീരില്‍ വിഘടനവാദവും ഇസ്ലാമിക തീവ്രവാദവും ഏറ്റവും ശക്തമായത്. (1987-92). 1992-96 കാലയളവില്‍ കാശ്മീര്‍ രാഷ്ട്രപതിഭരണത്തിലായിരുന്നു. 1996-ലെ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിച്ച നാഷണല്‍ കോണ്‍ഫറന്‍സ് വീണ്ടും അധികാരത്തിലേറി. ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് കാശ്മീരിന് പരമാവധി സ്വയംഭരണം എന്നത് മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കിയത് നാഷണല്‍ കോണ്‍ഫറന്‍സിനെ വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകമായിരുന്നു. മാത്രമല്ല, തീവ്രവാദം സൃഷ്ടിച്ച അരാജകത്വത്തില്‍ നിന്നും മോചനം ആഗ്രഹിച്ച കാശ്മീരി ജനത സുസ്ഥിരമായ ഭരണത്തിനായി നാഷണല്‍ കോണ്‍ഫറന്‍സിനെ വന്‍ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിച്ചത്. കോണ്‍ഗ്രസ്സുമായുള്ള സഖ്യം ഉപേക്ഷിച്ച നാഷണല്‍ കോണ്‍ഫറന്‍സ് 1996-ല്‍ ദേശീയതലത്തില്‍ ജനതാദളിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് ഗവണ്‍മെന്റിനെയും പിന്നീട് ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിനെയും പിന്തുണയ്ക്കുകയുണ്ടായി.

ഫറൂക്ക് അബ്ദുള്ളയുടെ രാഷ്ട്രീയപാരമ്പര്യം പിന്തുടര്‍ന്ന പുത്രന്‍ ഒമര്‍ അബ്ദുള്ള നാഷണല്‍ കോണ്‍ഫറന്‍സിന് പുതിയ മുഖവും യുവത്വവും നല്കിക്കൊണ്ട് പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ പ്രസിഡന്റായി അധികാരമേറ്റു. 2001-ല്‍ വാജ്പേയി മന്ത്രിസഭയില്‍ ചേര്‍ന്ന ഒമര്‍ അബ്ദുള്ള ബി.ജെ.പി.യുടെ മുസ്ലിം മുഖമായി മാറി. 1996-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സിനു ലഭിച്ച വിജയം 2002-ല്‍ ആവര്‍ത്തിക്കുവാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ദേശീയതലത്തില്‍ ബി.ജെ.പി.യുമായുള്ള കൂട്ടുകെട്ടിന്റെ പ്രത്യാഘാതങ്ങള്‍ 2002-ലെ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി; ഗുജറാത്ത് വംശീയകലാപത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി. മന്ത്രിസഭയില്‍ തുടര്‍ന്ന നാഷണല്‍ കോണ്‍ഫറസിനോടുള്ള വിയോജിപ്പായിരുന്നു പ്രധാനമായും പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായത്. ഇതിനു പുറമേ ഭരണത്തിന്റെ സമസ്ത മേഖലകളെയും ഗ്രസിച്ച അഴിമതിയും കെടുകാര്യസ്ഥതയും നാഷണല്‍ കോണ്‍ഫറന്‍സിനെ പ്രതിസന്ധിയിലാക്കിയ ഘടകങ്ങളായിരുന്നു. ഈ പരാജയത്തിനുശേഷം ബി.ജെ.പി.യുമായുള്ള സഖ്യം അവസാനിപ്പിച്ച നാഷണല്‍ കോണ്‍ഫറന്‍സ് പിന്നീട് കോണ്‍ഗ്രസ്സുമായി ധാരണയിലെത്തി. നിലവില്‍ (2010), യുണൈറ്റഡ് പ്രൊഗ്രസ്സീവ് അലൈയന്‍സിലെ ഘടകകക്ഷിയാണ് നാഷണല്‍ കോണ്‍ഫറന്‍സ്. 2008-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടി ക്കൊണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്സുമായിചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചു. തീവ്രവാദത്തിന്റെ പാതയില്‍നിന്നും കാശ്മീരിനെ വികസന രാഷ്ട്രീയത്തിലേക്കു മടക്കികൊണ്ടുവരുക എന്ന അജണ്ടയ്ക്കാണ് നാഷണല്‍ കോണ്‍ഫറന്‍സ് ഇന്ന് പ്രധാന പരിഗണന നല്കുന്നത്.

ആസാദ് കാശ്മീര്‍ എന്ന മുദ്രാവാക്യത്തില്‍നിന്നും സാഹചര്യങ്ങള്‍ക്കും യാഥാര്‍ഥ്യങ്ങള്‍ക്കുമൊപ്പം വീട്ടുവീഴ്ചകള്‍ ചെയ്തും ഇതര രാഷ്ട്രീയ സംഘടനകളുമായി സഖ്യം ചേര്‍ന്നുകൊണ്ട് അധികാരം പങ്കിട്ടും നാഷണല്‍ കോണ്‍ഫറന്‍സ് ഇന്നും കാശ്മീരിലെ പ്രമുഖ മതേതര രാഷ്ട്രീയ സംഘടനയായി നിലകൊള്ളുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍